കൊച്ചി: ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ദൈവിക സ്പര്ശമുള്ളവരാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ 20 മാസത്തിനുള്ളില്‍ ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെയും കുടുംബാഗംങ്ങളുടെയും സംഗമം ‘ഹൃദയപൂര്‍വം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ രോഗികള്‍ക്കും നീതി പൂര്‍വകമായ ചികില്‍സ നല്‍കുകയെന്നത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്തമാണ്. ലോകത്തില്‍ ഏറ്റവും വേഗത്തിലും മികച്ചതുമായ ചികില്‍സ കിട്ടുന്ന ഒന്നാമത്തെ രാജ്യം ഇന്ത്യയും സംസ്ഥാനം കേരളവുമാണ്. മറ്റു രാജ്യങ്ങളില്‍ ഡോക്ടര്‍മാരെ കാണാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവരുമ്പോള്‍ ഇവിടെ ഏതു സമയത്തും നമുക്ക് ചികില്‍സ തേടാന്‍ സാധിക്കും. ഏറ്റവും വലിയ ഭാഗ്യമാണിതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡോക്ടര്‍മാരായ ജോര്‍ജ് ജെ. വാളൂരാന്‍, ഡോ. ജിയോ പോള്‍, ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ എന്നിവരെ ആദരിച്ചു.
ആശുപത്രി സെക്രട്ടറി അജയ് തറയില്‍ ചടങ്ങില്‍ ഇവരെ പരിചയപ്പെടുത്തി. ജെബി മേത്തര്‍ എംപി, കൊച്ചിന് ഐഎംഎ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ജി. മാധവന് കുട്ടി, ബി.എ. അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.